ചൊവ്വാഴ്ച, ജൂൺ 12, 2012

ഭ്രാന്ത്


നീയെനിക്ക് തന്നതും മറ്റൊരു ഛായാമുഖിയോ?
നോക്കുമ്പോഴെല്ലാം 
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി !
നീയെന്റെ പ്രതിബിംബമോ?
ഇതോ പ്രണയം?!
ഞാനാ കണ്ണാടി ഉടച്ചുകളഞ്ഞു;
ഇപ്പോള്‍
 നൂറായിരം കണ്ണാടിചില്ലുകളില്‍
 നീ ചിരിക്കുന്നു...!
അരുത്, 
ഇങ്ങനെ ചിരിക്കരുത് 
നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു..
എല്ലാവരും പറയുന്നു 
എനിക്ക് ഭ്രാന്തെന്ന്...

ബുധനാഴ്‌ച, ഡിസംബർ 14, 2011

നീലപ്പല്ലുകള്‍ക്ക് പറയാനുള്ളത്‌

പ്രണയം ബഹുവചനമാണെങ്കിലും
ഏകവചനമാണെങ്കിലും...
തീരമില്ലാത്ത കാമത്തിന്‍റെ കടല്‍
കടലായിത്തന്നെ തുടരും...

വെള്ളിയാഴ്‌ച, മേയ് 27, 2011

നീ..

നീ..
എന്നെ ഞാനാക്കുന്ന, ഒരു അനിവാര്യതയാക്കുന്ന ...
നനുത്ത സ്പര്‍ശം !
നീ പൊട്ടിച്ചിതരുമ്പോള്‍ പോലും എന്നെ തുടച്ചു നീക്കാതെ,
ഓരോ നുരുങ്ങില്‍ നിന്നും പുനജ്ജനി തരുന്ന മാന്ത്രിക കണ്ണാടി.

തിങ്കളാഴ്‌ച, മേയ് 09, 2011

മൂങ്ങകള്‍

                    
                    സ്വപ്‌നങ്ങള്‍ മൂങ്ങകളെപ്പോലെയാണ്
                    രാത്രികളില്‍ വന്നു പതുങ്ങിയിരിക്കും 
                    ഉള്ളിരുട്ടിന്റെ വന്യതകളിലേക്ക്
                    വെള്ളാരംകണ്ണുകള്‍പായിക്കും
                    ഓര്‍മകളുടെ മന്ത്രവാദിനികള്ക്കരികില്‍
                    ഉറങ്ങാതെ കാവലിരിക്കും 
                    നഷ്ടങ്ങളുടെ ഉറക്കപ്പിച്ചുകളെല്ലാം
                    ഉറക്കെ മൂളിക്കൊണ്ടിരിക്കും


                    പിന്നെ,
                    ജീവിതത്തിന്റെ പകല്‍നേരങ്ങളില്‍ 
                    മറവിയുടെ ചിറകുകള്‍ കുടഞ്ഞ്‌  
                    നിങ്ങളെ കൂട്ടാതെ 
                    പറന്നു പറന്നു പോകും .....      
  

ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ഉള്ളില്‍ ഉള്ളത്

ഉള്ളില്‍ ഉള്ളത്
ഒരു കിണറായിരിക്കാം
നിന്റെ താപത്തില്‍ വറ്റിയും
സാമീപ്യത്തില്‍ നിറഞ്ഞും
വിങ്ങുന്ന കിണര്‍.

ഒരു മരമായിരിക്കാം
നിന്റെ തണുപ്പില്‍ തളിര്‍ത്തും
സങ്കടങ്ങളില്‍ ഇലപൊഴിഞ്ഞും പോകുന്ന
തണല്‍മരം.

ഒരു മഴയായിരിക്കാം
നിന്റെ കാറ്റില്‍
ചാഞ്ഞും ചരിഞ്ഞും
പെയ്തു നീളുന്ന മഴ.

ഒരു നിഴലായിരിക്കാം.
നീയില്ലായ്മയില്‍,
താങ്ങില്ലാതെ മാഞ്ഞുപോകുന്ന
മുല്ലവള്ളിയുടെ നിഴല്‍..

ഉള്ളില്‍ ഉള്ളത്
നിന്നില്‍നിന്നും
ഇടയ്ക്കിടെ ഞാന്‍ ആത്മഹത്യ ചെയ്യുന്ന കിണര്‍.!